Monday, June 16, 2008

അദ്ധ്യായം 1

സമയം വൈകുന്നു, രാജു നടപ്പിന്റെ വേഗത കൂട്ടി.കൊടും വനമാണു ചുറ്റിനും.

ഇനി വൈകിയാല്‍ അപകടമാണെന്നയാള്‍ക്കറിയാം.അടുത്ത കാലത്തെങ്ങും ഇവിടെ ആരും വന്നിട്ടില്ലെന്നു തോന്നും...ജീവനുള്ള ഒന്നിനേയും കാണനില്ല, മരങ്ങള്‍ പോലും നിശ്ചലമായിരിക്കുന്നു.

രാജുവിന്റെ ഉള്ളില്‍ നേരിയ ഭയം ഇല്ലാതിരുന്നില്ല.കാരണം, ഈ വനത്തിനുള്ളില്‍ നടക്കുന്ന ഒന്നും പുറം ലോകം അറിയാറില്ല എന്നാണറിവ്‌.

പെട്ടെന്നു അവന്റെ കാലില്‍ എന്തോ തട്ടി.കടലാസു പോലെ എന്തോ ... അവഗണിച്ചു മുന്‍പോട്ടു പോകാന്‍ തുനിഞ്ഞ രാജു പെട്ടെന്നു നിന്നു.

അഞൂറിന്റെ ഒരു കെട്ടു നോട്ട്‌!.അതിലാണു കാലു തട്ടിയത്‌.

ആദ്യത്തെ അമ്പരപ്പു വിട്ടപ്പോള്‍ രാജു കുനിഞ്ഞു അതെടുത്തു.

വലിയൊരു കെട്ട്‌.അമ്പതിനായിരം രൂപയെങ്കിലും കാണും.നിന്ന നില്‍പില്‍ രാജു ചുറ്റും നോക്കി. തീര്ത്തും വിജനം...ആരുമില്ല അവിടെയെങ്ങും.ഒരു ശബ്ദം പോലുമില്ല.

തന്റെ കയ്യില്‍ പിടിച്ചിരിക്കുന്ന കെട്ടിലേക്കു നോക്കി രാജു പലതും ചിന്തിച്ചു.അതു തന്റെ സ്വന്തം തന്നെയെന്നു മനസാക്ഷി അവനൊടു പറയുന്നു.അതോടൊപ്പം, അല്ലെങ്കിലും ഇനി ഇതെങ്ങനെ ഇവിടെ ഉപേക്ഷിച്ചു പോകും അയാള്‍ പതുക്കെ ആ നോട്ട്കെട്ട്‌ പോക്കറ്റിലേക്കു തള്ളാന്‍ ശ്രമിച്ചു. നടന്നില്ല, വലിയ കെട്ടാണ്‌.തന്റെ കയ്യിലെ പണിസഞ്ചിയില്‍ (അവന്റെ പണിസാധനങ്ങളാണ്‌ അതില്‍ നിറയെ), വളരെ ശ്രദ്ധയോടെ വെച്ചു. ഒരിക്കല്‍ കൂടി ചുറ്റും നോക്കി എല്ലാം ഭദ്രമാണെന്നുറപ്പു വരുത്തി അവന്‍ മുന്‍പോട്ടു നടന്നു.

വല്ലാത്തൊരു വികാരം.സന്തോഷവും ഭയവും സങ്കടവും എല്ലാം കലര്‍ന്ന ഒരു മാനസികാവസ്ഥ
പക്ഷേ എതാനും ചുവടു മുന്‍പോട്ടു വെച്ചപ്പൊഴേ അവനു മനസ്സിലായി, കാര്യങ്ങള്‍ വിചാരിചതുപോലെയല്ലെന്ന്.
ആ നടപ്പാത നിറയെ ചിതറിക്കിടക്കുകയാണു നോട്ടുകെട്ടുകള്‍.ഇപ്പൊള്‍ രാജുവിന്റെ ഉള്ളില്‍ ഭയം മാത്രമായി.അവിടെ ഒരു വന്‍ സംഘട്ടനം നടന്ന ലക്ഷണമുണ്ടായിരുന്നു.തൊട്ടപ്പുരത്തു തന്നെ ഒരു ബ്രീഫ്കെയ്സ്‌ തുറന്നു കിടക്കുന്നു. അതിലും പണമാണ്‌, പക്ഷെ അതു ചോരയില്‍ കുതിര്‍ന്നിരിക്കുന്നു.അടുത്തു തന്നെ ഒരു തോക്കും, മറ്റെന്തൊക്കെയോ മാരകായുധങ്ങളും കിടക്കുന്നുണ്ട്‌.ഒരു ബൈക്ക്‌ ഒരു മരത്തല്‍ ഇടിച്ചു മറിഞ്ഞു കിടക്കുന്നു.മുന്‍ഭാഗം തകര്‍ന്ന നിലയില്‍ ഒരു കാര്‍ വനത്തിനുള്ളിലേക്കു ഓടിച്ചു കയറ്റിയ നിലയില്‍...പെട്രോളിന്റെ ഗന്ധം അന്തരീക്ഷത്തില്‍ നിറഞ്ഞു നിന്നു.
എത്രയും പെട്ടെന്ന് അവിടെനിന്നും രക്ഷപെടണം രാജു ഓടാനൊരുങ്ങി.
പെട്ടെന്ന് തന്റെ പുറകിl നിന്നും ഒരു ശബ്ദം...."വെള്ളം..." ഒരു ഞെരക്കം പോലെയേ കേള്‍ക്കാനുള്ളു...അവിടെ... ഒരു പാറയുടെ മറവിl നിന്ന്, ഒരു കൈ ഉയര്‍ന്നു വരുന്നതു രാജു കണ്ടു."ദയവു ചെയ്തു എന്നെ ഇവിടെ ഉപെക്ഷിച്ചു പോകരുത്‌...."

രാജു പ്രജ്ഞയറ്റു നിൽക്കുകയാണ്‌, ഒരു സാധാരണ കോണ്‍ക്രീറ്റ്‌ പണിക്കാരനായ അവന്‌ ഇതെല്ലാം തന്നെ വളരെ അധികമായിരുന്നു.അപ്പൊഴേക്കും മധ്യവയ്സ്കനായ ഒരാൾ ആ പാറയ്കപ്പുറത്തു നിന്നും വെളിയിൽ വന്നു കഴിഞ്ഞു.രാജു തിരിഞ്ഞു നോക്കി,

"ഏന്റെ ഈശ്വരാ!!" അത്രക്കും ഭയാനകമായ ഒരു രംഗം രാജു അന്നു വരെ കണ്ടിട്ടില്ല.രക്തം കൊണ്ട്‌ ഒരു മനുഷ്യ രൂപം ഉണ്ടക്കിയതു പോലുണ്ട്‌."എന്നെ രക്ഷിക്കൂ....പ്ലീസ്‌..." അയാൾ രാജുവിനു നേരെ ഒരു കയ്യുയർത്തി.... അടുത്ത നിമിഷം കുഴഞ്ഞു വീണു.

രാജുവിനു കൂടുതലൊന്നും ആലോചിക്കാനുണ്ടയിരുന്നില്ല, അടുത്ത നിമിഷം തന്നെ അയാള്‍ ഓടാനാരംഭിച്ചു.

ഒരു ഭ്രാന്തനേപ്പൊലെ പായുകയായിരുന്നു.

ഒടുവില്‍ കൈകാലുകൾ തളര്‍ന്ന് ഉമിനീരുപോലും വറ്റിആയാള്‍ ഒരു മരച്ചുവട്ടില്‍ ഇരുന്നു കിതച്ചു.

10-15 മിനുട്ടുകള്‍ക്കു ശേഷമാണു അവന്‌ ചിന്താശക്തി തിരിച്ചു കിട്ടിയത്‌.നടന്നതെല്ലാം സ്വപ്നം പോലെ തോന്നി.ഇപ്പോള്‍ മനസ്സു നിറയെ ആ ഭീകര രംഗമാണ്‌, ചോരയില്‍ കുളിച്ച്‌ കിടന്ന ആ മനുഷ്യന്‍....

ഇരുട്ടു വീണു തുടങ്ങിയിരിക്കുന്നു.ഇനിയും 2 മൈല്‍ നടക്കണം മനുഷ്യവാസമുള്ളിടത്തെത്താല്‍.രാജു സഞ്ചിയില്‍ നിന്നും ടോര്‍ച്ച്‌ പുറത്തെടുത്തു. വെളിച്ചം കണ്ടപ്പോള്‍ മനസ്സില്‍ ചെറിയൊരു ധൈര്യം.പതിയെ മുന്‍പോട്ട് നടക്കുമ്പോള്‍ മനസ്സില്‍ നിറയെ ചിന്തകള്‍ പെട്ടെന്നാണു തന്റെ സഞ്ചിയില്‍ ഒരു മൊബൈല്‍ ഫോണ്‍ ഉണ്ടെന്ന കാര്യം അയാള്‍ ഓര്‍ത്തത്‌.പോലീസിനെ വിളിച്ചാലോ? അവന്‍ സഞ്ചിയില്‍ കയ്യിട്ടു, ആദ്യം കയ്യില്‍ തടഞ്ഞത്‌ നോട്ട്‌ കെട്ടാണ്‌, പെട്ടെന്നു തന്നെ അവന്‍ കൈ വലിച്ചു.വേണ്ട, ഒന്നിനും നില്‍ക്കണ്ട, പതുക്കെ വീട്ടിലേക്കു നടക്കാം. അവന്‍ തീരുമാനിച്ചു.വീണ്ടും നടപ്പു തുടങ്ങിയപ്പോള്‍ അവന്റെ മനസ്സില്‍ നിന്നും ഭയം കുറെയൊക്കെ വിട്ടുമാറിയിരുന്നു.ഇനി മേലില്‍ രാജു ഈ കാട്ടിനുള്ളിലൂടെ നടക്കില്ലെന്നുറപ്പാണ്‌.

ഏതാണ്ട്‌ 8 മണിയോടു കൂടി രാജു വീട്ടിലെത്തി.എന്നും കതകു തുറക്കാറുള്ള ഭാര്യയെ കാണാതെ ഒരു നിമിഷം അയാള്‍ ശങ്കിച്ചു.പക്ഷെ പെട്ടെന്നു തന്നെ ഓര്‍മ വന്നു.തലേ ദിവസം ഭാര്യ പിണങ്ങിവീട്ടില്‍ പോയിരിക്കുകയാണ്‌.അതോര്‍ത്തപ്പോള്‍ അയാളുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു.തന്റെ ഭാര്യ ഒരു വിചിത്ര ജീവിയാണെന്നാണ്‌ അയാള്‍ പറയാറുള്ളത്‌ . ഇടക്കിടക്ക്‌ പിണങ്ങിപ്പോകും. 2 ദിവസം കഴിയുമ്പോള്‍ പോയപോലെ തന്നെ തിരിച്ചു വരികയും ചെയ്യും.രാജു ഇപ്പോള്‍ അതൊന്നും തീരെ ശ്രദ്ധിക്കാറില്ല.കാരണം എന്തൊക്കെയായാലും അവര്‍ക്കു പരസ്പരം ജീവനാണ്‌.

ഇനി ഒന്നു കുളിച്ച്‌ വേഷം മാറി ഒരു ചെറിയ യാത്ര കൂടിയുണ്ട്‌.കോണ്ട്രാക്‍ട്റ് തദെവൂസിനെ കണ്ട്‌ ഇന്നത്തെ കണക്കു കൊടുക്കാണം.പിന്നെ നാളെ ലീവ്‌ എടുക്കണം. (ഭാര്യയെ വിളിക്കാൻ പോകാനാണ്‌).പിന്നെ രാത്രി തിരിച്ചു വരും വഴി ഷാപ്പില്‍ കയറി ഒന്നു മിനുങ്ങണം.വീട്ടില്‍ നിന്നും ഇറങ്ങാന്‍ നേരം സഞ്ചിയില്‍ നിന്നും പണമെടുത്ത്‌ അലമാരയുടെ ഏറ്റവും ഉറപ്പുള്ളതു നോക്കി ഒരു അറയില്‍ തന്റെ ഭാര്യയുടെ ഒരു സാരിക്കുള്ളില്‍ പൊതിഞ്ഞ്‌ വെക്കാന്‍ അവന്‍ മറന്നില്ല.

സംഭവിച്ചതെല്ലാം മറന്ന് അയാള്‍ പതിയെ നടന്ന് ജങ്ക്ഷനിലെത്തി, പരിചയക്കരോടെല്ലാം കുശലം പറഞ്ഞ്‌ ഏതാണ്ട്‌ 9:30 ആയപ്പോള്‍ തദെവൂസിന്റെ വീട്ടിലെത്തി.
ഇനി തദെവൂസിനെക്കുറിച്ച്‌ ,
രജുവും തദെവൂസും ഒന്നിച്ച്‌ പഠിച്ച്‌ വളർന്നവരാണ്‌.പക്ഷെ പണമുണ്ടാക്കാനുള്ള വിരുത്‌ തദെവൂസിനായിരുന്നു കൂടുതല്‍ എന്നു മാത്രം.ചെറുതും വലുതുമായ അനേകം ബിസിനെസ്സുകളുടെ ഉടമയാണ്‌.ഫോണ്‍ ബൂത്ത്‌ മുതല്‍ ഷോപ്പിംഗ്‌ കൊമ്പ്ലെക്സ്‌ വരെയുണ്ട്‌.രാജു അയാളുടെ കീഴില്‍ പണിയെടുക്കുകയാണ്‌ ഇപ്പൊള്‍.പുതുതായി തദെവൂസ്‌ ടൗണില്‍ അനേകം കെട്ടിടങ്ങളുടെ നിര്‍മാണം കൊണ്ട്രാക്റ്റ്‌ എടുത്തിരിക്കുകയാണ്‌ അതിനാല്‍, സ്ഥിരമായി രാജുവിന്‌ പണിയുണ്ട്‌.
മറ്റൊരു കാര്യം. തദെവൂസ്‌ എന്നല്ല അച്ചായന്‍ എന്നാണ്‌ അയാള്‍ പോതുവെ അറിയപ്പെടുന്നത്‌.പൈസയുള്ള ക്രിസ്ത്യാനി ആയതുകൊണ്ടായിരിക്കാം.
രാജു എത്തുമ്പോള്‍ അച്ചായന്‍ നല്ല പരുവത്തിലായിരുന്നു.തന്റെ കൊച്ച്‌ ബങ്ഗ്ലാവിന്റെ ടെറസ്സിലിരുന്ന് വിദേശമദ്യം അകത്താക്കുകയാണ്‌.

"വാടാ കുട്ടാ, നിന്നെയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു...." ഉറക്കെ ചിരിച്ചു കൊണ്ട്‌ അച്ചായന്‍ അവനെ സ്വാഗതം ചെയ്തു.

രാജു കണക്കു പുസ്തകം കസേരയില്‍ വെച്ച ശേഷം കുപ്പിയെടുത്ത്‌ ഒന്നു നോക്കി. ബ്ലാക്ക്‌ ലേബല്‍...ഇമ്പോര്‍ടെഡ്‌ ആണ്‌.പകുതിയും തീര്‍ന്നിരിക്കുന്നു.

"ഒഴിക്കൂ... അടിക്കൂ...മറ്റൊന്നും ഇപ്പോ ആലോചിക്കരുത്‌..." അച്ചായൻ നല്ല മൂഡിലാണ്‌.

അച്ചായന്റെ ഭാര്യ ഈ സമയം വീര്‍ത്ത മുഖത്തോടു കൂടി വാതിൽക്കല്‍ വന്ന് നോക്കി നില്‍പ്പായി."അവളെ മൈന്‍ഡ്‌ ചെയ്യരുത്‌...അവളൊരു പിശാചാണ്‌..." അച്ചായന്‍ വളിച്ച മുഖത്തോടുകൂടി ഒരു ഗ്ലാസ്സില്‍ മദ്യമെടുത്ത്‌ രാജുവിന്‌ നീട്ടി."ഒരേയൊരു മോളുള്ളതിനെ ബാങ്ഗ്ലൂരിലേക്ക്‌ പാക്ക്‌ ചെയ്തിട്ടു വന്നു നിൽക്കുന്ന നില്‍പാണ്‌..."

രാജുവിനു കാര്യം കുറെശ്ശെ മനസ്സിലായിതുടങ്ങി.മകളെ ബാങ്ഗ്ലൂരിലേക്ക്‌ പഠിപ്പിക്കാനയച്ചതിന്റെ കലിയാണ്‌.എന്തു തന്നെയായാലും, ഈ സ്ത്രീ ഇങ്ങനെ നില്‍ക്കുമ്പോള്‍ ഞാന്‍ ഇതെങ്ങനെ വാങ്ങി കുടിക്കും ? രാജു വിഷണ്ണനായി നിന്നു.

ഏതായാലും രാജുവിന്റെ ഭാഗ്യം, മിസ്സിസ്‌ വേഗം തന്നെ സ്ഥലം വിട്ടു.

അങ്ങനെ അവര്‍ രണ്ടു പേരും കൂടി, ആരംഭിച്ചു.രണ്ടാമത്തെ കുപ്പി തുറന്നപ്പോളേക്കും, രാജു സമാന്യം നാല്ല മൂഡിലായിരുന്നു.ഈ സമയമത്രയും, അച്ചായൻ തന്റെ മകളെ വളർത്തി വലുതാക്കിയത്‌ വൈസ്റ്റ്‌ ആയിപ്പോയെന്ന് പറഞ്ഞു കരഞ്ഞുകൊണ്ടിരുന്നു.

ഒടുവില്‍ സഹി കെട്ട്‌ രാജു ഇടപെട്ടു."ഇതൊന്നും ഒരു വിഷയമേയല്ല അച്ചായാ... ഒരു 2 മണിക്കൂറിനു മുന്‍പ്‌ ഞാന്‍ അനുഭവിച്ചതോര്‍ത്തു നോക്കുമ്പോ..."

അച്ചായന്‍ നിശബ്ദനായി.

മദ്യത്തിന്റെ പുറത്തായിരിക്കാം, എന്തായാലും, രാജു സംഭവിച്ചതെല്ലാം അവിടെ വള്ളി പുള്ളി വിടാതെ അവതരിപ്പിച്ചു.താന്‍ പൈസ എടുത്തതുള്‍പ്പടെ.

"ഒന്നൂടി പറയൂ.... ഒന്നൂടി പറയൂ..." അച്ചായൻ കസേരയിൽ നിന്നും എഴുന്നേറ്റു. "എനിക്ക്‌ ശരിക്ക്‌ മനസ്സിലായില്ല.... നീ എന്തിനാ ഓടിയത്‌ ?? "

"അതു പിന്നെ... ആരായാലും ഓടില്ലെ ? അവിടെ എന്തോ ഭയങ്കര സംഭവം നടന്നിട്ടുണ്ട്‌ ."

അച്ചായന്‍ ഒരു നിമിഷം എന്തോ ആലോചിച്ചു നിന്നു, പിന്നെ പറഞ്ഞു,"നമുക്കിപ്പൊ അവിടെ പോണം... ഒരു മനുഷ്യന്‍ ചാകാന്‍ കിടക്കുന്നിടത്തു നിന്നും ഓടിയ നീ മനുഷ്യനാണൊടാ ?"

"അത്‌ അച്ചായൻ ഫിറ്റായതു കൊണ്ട്‌ തോന്നുന്നതാണ്‌...പച്ചക്കായിരുന്നെങ്കിൽ, അച്ചായനായിരിക്കും ആദ്യം ഓടുന്നത്‌..."

"നീ പോടാ..." അച്ചായൻ അടുത്ത മുറിയിലെക്കു കയറിക്കഴിഞ്ഞു.5 മിനിറ്റിനുള്ളിൽ ഡ്രസ്സ്‌ മാറി വന്നു... രാജുവിന്‌ ഒന്നും പറയാനായില്ല അതിനു മുൻപു തന്നെ അച്ചായന്‍ നടന്നു തുടങ്ങി.രാജു പുറകെ ചെന്നു...വേറെ വഴിയില്ല.

"അച്ചായാ, പോകണമെങ്കി പോകാം, പക്ഷെ വണ്ടിയോടിക്കാന്‍ ഞാന്‍ സമ്മതിക്കില്ല.അച്ചായൻ നല്ല ഫിറ്റാണ്‌."

"അതെയൊ, എങ്കിപ്പിന്നെ, ജയനെ വിളി...." (അച്ചായന്റെ ഡ്രൈവര്‍ ആണ്‌ ജയന്‍. ഊമയാണ്‌.14 വയസ്സ്‌ മുതല്‍ അച്ചായന്റെ കൂടെയാണ്‌)
വിളിക്കെണ്ടി വന്നില്ല, ജയന്‍ ഈ ബഹളമെല്ലാം കേട്ട്‌ ഡ്രസ്സ്‌ മാറി വന്നു കഴിഞ്ഞിരുന്നു.അവനിതെല്ലാം നല്ല ശീലമാണ്‌ .

മദ്യ ലഹരിയിലാനെങ്കിലും ഈ ചെയ്യുന്നതോർത്ത്‌ പിന്നീട്‌ ദുഃഖിക്കുമെന്ന് രാജുവിന്റെ മനസ്സ്‌ പറഞ്ഞു.ജീപ്പിലാണ്‌ മൂവരും യാത്ര തിരിച്ചത്‌.വഴി പറഞ്ഞു കൊടുത്തുകൊണ്ട്‌ രാജു മുന്‍സീറ്റില്‍ തന്നെ ഇരുന്നു.

വനാതിര്‍ത്തിയിലെത്തിയപ്പോള്‍ ഫോറെസ്റ്റ്‌ ഗാര്‍ഡുകള്‍ കൈ കാണിച്ചു."ഈ നേരത്ത്‌ കാട്ടിലെന്താ പരിപാടി ?? " വണ്ടിക്കകത്തേക്ക്‌ റ്റോര്‍ച്ച്‌ അടിച്ചു കൊണ്ട്‌ ഒരാള്‍ ചോദിച്ചു.ആരും ഒന്നും മിണ്ടിയില്ല, "ചോദിച്ചതു കേട്ടില്ലേടാ ?? " ഒരുവന്‍ ക്രുദ്ധനായി ജയനോടു ചൊദിച്ചു.

"അവന്‍ ഊമയാണ്‌ സാറേ..." അച്ചായന്‍ പിന്നിന്‍ നിന്നും പറാഞ്ഞു... ആ ശബ്ദം കേട്ടതും ഗാര്‍ഡുകള്‍ തിരിച്ചറിഞ്ഞു,"ആയ്യൊ.... അച്ചായനായിരുന്നോ.... എന്താ പരിപാടി ?"

"ഞങ്ങള്‍ ആനവേട്ടക്കിറങ്ങിയതാ... വിട്ടിട്ടു പോഡെയ്‌...ഞങ്ങള്‍ക്കു പോയിട്ടു വേറേ പണിയുണ്ട്‌..."

അങ്ങനെ... രാജുവിന്റെ അവസാനത്തെ പ്രതീക്ഷയും തകര്‍ന്നു.ജീപ്പ്‌ കാട്ടിലേക്കു പ്രവേശിച്ചു.സമയം ഏതാണ്ട്‌ 12 മണി...

മദ്യലഹരി പതുക്കെ വിട്ടു തുടങ്ങി.ആരും ഒന്നും സംസാരിക്കുന്നില്ല.താന്‍ ഓടി തളര്‍ന്നു വന്നിരുന്ന മരച്ചുവട്‌ തങ്ങള്‍ പിന്നിടുന്നത്‌ രാജു കണ്ടു.എന്തോ ഒരു അസ്വസ്ഥത തന്നെ ബാധിക്കുന്നത്‌ അയാള്‍ തിരിച്ചറിഞ്ഞു.

അധികം വൈകിയില്ല, തകര്‍ന്നു കിടക്കുന്ന ബൈക്ക്‌ കണ്ണില്‍ പെട്ടു.

"നിര്‍ത്ത്‌..നിര്‍ത്ത്‌..." രാജു പറഞ്ഞു, "ആ ഹെഡ്‌ ലൈറ്റ്‌ കെടുത്തണ്ട..."രാജു തിരിഞ്ഞു നോക്കിയപ്പൊള്‍ കൂര്ക്കം വലിച്ചുറങ്ങുന്ന അച്ചായനെയാണ്‌ കണ്ടത്‌

"മനുഷ്യാ... നമ്മളിങ്ങെത്തി..."ചെറിയൊരു അമര്‍ഷത്തോടു കൂടി രാജു അച്ചായനെ വിളിച്ചുണർത്തി.അച്ചായന്‍ എഴുന്നേറ്റ്‌ അവരെ സൂക്ഷിച്ചു നോക്കി..."ഇതെന്താ നമ്മളിവിടെ ?? "മൂവരും പതിയെ പുറത്തിറങ്ങി, അച്ചായൻ അപ്പൊളും മനസ്സിലായിട്ടില്ല, തനെങ്ങനെ ഈ കൊടും വനത്തിലകപ്പെട്ടെന്നോര്‍ത്ത്‌ അയാൾ അമ്പരന്നു നിൽക്കുകയാണ്‌.

ജയന്റെ മുഖത്ത്‌ ഒരു ചിരി പ്രത്യക്ഷപ്പെട്ടു.രാജുവിനും ചിരി വന്നെങ്കിലും അയാള്‍ ചിരിക്കാന്‍ പറ്റിയ ഒരു അവസ്ഥയിലായിരുന്നില്ല.

രാജു ജീപ്പില്‍ നിന്നും ഒരു റ്റോര്‍ച്ച്‌ എടുത്ത്‌ പതുക്കെ റോഡിലേക്കടിച്ചു.പിന്നെ വളരെ ശ്രദ്ധയോടെ ചുറ്റും നിരീക്ഷിക്കാനാരംഭിച്ചു.എല്ലാം പഴയതുപോലെ തന്നെയുണ്ട്‌.ജീപ്പിന്റെ ഹെഡ്‌ ലൈറ്റ്‌ വെളിച്ചത്തില്‍ റോഡില്‍ കിടക്കുന്ന നൊട്ട്‌ കെട്ടുകള്‍ വ്യക്തമായി കാണാമായിരുന്നു.

അച്ചായന്‍ തലക്കു കയ്യും കൊടുത്ത്‌ റോഡില്‍ ഇരുന്നു...പതിയെ പതിയെ ഓർമ്മകള്‍ തിരിച്ചു വരുന്നുണ്ടായിരുന്നു.

അപ്പോഴേക്കും ജയന്‍ അതു കണ്ടു കഴിഞ്ഞിരുന്നു,നടപ്പാതയൊടു ചേര്‍ന്ന് റോഡിലെക്കു തിരിഞ്ഞ്‌ കമിഴ്‌ന്നു കിടക്കുന്ന നിലയില്‍ ഒരു മൃതദേഹം, അവന്‍ രാജുവിന്റെ കയ്യില്‍ നിന്നും റ്റോര്‍ച്ച്‌ വാങ്ങി അവിടെക്കു കയറി.

"നമ്മള്‍ വൈകിപ്പൊയിഡാ..." അച്ചായൻ പതിയെ മന്ത്രിച്ചു.

"ജയാ, ആ കാറിലൊന്നു നൊക്കിയേ..." രാജു പറഞ്ഞു, "അതിന്റെ അകത്താരെങ്കിലും കാണും ചിലപ്പോള്‍"

ജയന്‍ റ്റോര്‍ച്ച്‌ തെളിച്ച്‌ ആ കാറിനുള്ളിലാകെ പരതി... "4 പേരുണ്ട്‌ നാലും തീര്‍ന്നിരിക്കുകയാണ്‌" അവന്‍ ആംഗ്യം കാണിച്ചു.

"എന്തായിരിക്കും ഇവിടെ നടന്നത്‌ ?" രാജുവിനൊന്നും മനസ്സിലായില്ല.അവര്‍ രണ്ടുപേരും കൂടി ജയനോടൊപ്പം കാറിനടുത്തെത്തി.ടൊയൊട്ട യുടെ പുതിയ കാര്‍, കര്‍ണാടക റെജിസ്ട്രേഷനാണ്‌.

"ഞാന്‍ പൊലിസിനെ വിളിക്കാന്‍ പോകുകയാണ്‌" രാജു മൊബൈല്‍ കയ്യിലെടുത്തു."ഓ നാശം... ഇവ്ടെ റെയ്ഞ്ച്‌ ഇല്ല.. നമുക്ക്‌ പോയി ആ ഗാര്‍ഡുമാരോടു വിവരം പറഞ്ഞാലൊ ??"

"എല്ലാവരും ഒരു നിമിഷം നില്‍ക്ക്‌..."അച്ചായന്‍ പറഞ്ഞു "ആ റോഡില്‍ കിടക്കുന്ന പൈസ ആരും കാണുന്നില്ലേ ??"
"അതുകൊണ്ട്‌ ? "

"ആതു കൊണ്ട്‌ ഞാന്‍ പറയുന്നു, നമ്മള്‍ ആ പൈസയെടുത്ത്‌ വളരെ സുരക്ഷിതമായി നമ്മുടെ വീട്ടില്‍ കൊണ്ടു പൊയി വെക്കുന്നു...പിന്നത്തെ കാര്യം പിന്നെ... കാരണം, ഈ പൈസ കൊടുത്തവരും വാങ്ങാന്‍ വന്നവരും എല്ലാം ഇവ്ടെത്തന്നെയുണ്ട്‌.എല്ലാ അവനും ചത്തു.ഇവ്ടെയെങ്ങും വെറെയാരുമില്ല..."

"അച്ചായാ... ഒരു കാര്യം പറയട്ടെ, ..."

"ഒന്നും പറയണ്ട...ഇപ്പൊ നമ്മള്‍ ഇതെല്ലാം വാരി പെട്ടിയിലാക്കാന്‍ നോക്കാം.എന്നിട്ടു നമ്മക്കു വെയ്റ്റ്‌ ചെയ്യാം, ഒരു മാസം കഴിഞ്ഞിട്ടും ആരും വന്നില്ലെങ്കി മാത്രം നമ്മള്‍ അതെടുക്കുന്നു."

"എനിക്കൊന്നും വെണ്ടേ..." ജയന്‍ കൈ കൂപ്പി ആംഗ്യം കാട്ടിക്കൊണ്ട്‌ ജീപ്പിലേക്കു നടന്നു.

"ആര്‍ക്കും വെണ്ടെങ്കിലും എനിക്കു വേണം... " അച്ചായന്‍ റോഡിലിറങ്ങി.ചോര കട്ടപിടിച്ചു കിടക്കുന്ന ബ്രീഫ്കൈസെടുത്തെ അതിലേക്ക്‌ റോഡില്‍നിന്നും നൊട്ടുകെട്ടുകള്‍ വാരിയിടാന്‍ തുടങ്ങി.രാജുവിന്‌ അതു നോക്കിക്കൊണ്ട്‌ നില്‍ക്കാനേ കഴിഞ്ഞുള്ളു...



(to be continued...)

3 comments:

Senu Eapen Thomas, Poovathoor said...
This comment has been removed by the author.
Senu Eapen Thomas, Poovathoor said...

ബ്ലോഗിനു ഒരു ചെറിയ കുഴപ്പം ഉണ്ടോ എന്ന് സംശയം. കഥ പോസ്റ്റ്‌ ചെയ്തിട്ട്‌, Subscribe Post Atoms ഇവിടെ കൂടെ ക്ലിക്ക്‌ ചെയ്യുക. എന്നാലെ കൂടുതല്‍ വായനക്കാര്‍ വരൂ.

പിന്നെ ആകാംക്ഷ ഉണ്ടാക്കുന്ന പേരുകള്‍ കഥകള്‍ക്ക്‌ കൊടുക്കുക. അങ്ങനെ ഒന്ന് ട്രൈ ചെയ്തേ. ഈ ബ്ലോഗ്‌ ഉയരങ്ങളില്‍ പോകും. തീര്‍ച്ച. എല്ലാ ആശംസകളും. പിന്നെ എന്തെങ്കിലും സഹായം കൂടുതല്‍ വേണമെങ്കില്‍ ദാ ഇവിടെ കയറൂ.
www.vfaq.blogspot.com

ആശംസകളോടെ..
സെനു, പഴമ്പുരാണംസ്‌.

Jibin abraham said...

നന്നായിട്ടുണ്ട്.....

ജിബിന്‍ എബ്രഹാം
http://strangersway.blogspot.com