Wednesday, June 18, 2008

അദ്ധ്യായം 4

താന്‍ കണ്ടത് ഒരു സ്വപ്നമാണെന്ന് തിരിച്ചറിയാന്‍ രാജുവിനു കുറച്ചു സമയം വെണ്ടി വന്നു...
അവന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.
ശരീരം നുറുങ്ങുന്ന വേദന...ദേഹമാകെ ചോരയില്‍ കുളിച്ചിരിക്കുന്നു...കണ്‍പോളകള്‍ ഒട്ടിപ്പിടിച്ചിരിക്കുന്നതു കൊണ്ട് കാഴ്ച്ചയും വ്യക്തമല്ല...ശ്വാശമെടുക്കുമ്പോള്‍ പോലും വേദനയനുഭവപ്പെട്ടു.
എങ്കിലും അവന്‌ തലേന്നു രാത്രിയിലെ സംഭവങ്ങള്‍ പതിയെ ഓര്‍മ്മ വരുന്നുണ്ടായിരുന്നു.
പതിയെ എഴുന്നേറ്റിരുന്ന്‌ അവന്‍ പരിസരം വീക്ഷിച്ചു.
ഇതെവിടെയാണ്‌ താന്‍ ?
"ആഹാ! രാജു എഴുന്നേറ്റോ..." ഒരാള്‍ പെട്ടെന്ന് അവിടെക്കു കയറി വന്നു. അപ്പോളാണ്‌ താനൊരു വാനിനുള്ളിലായിരുന്നെന്ന് രാജു തിരിച്ചറിഞ്ഞത്. ആംബുലന്‍സ് പോലെ എന്തോ ഒരു വാഹനം.
"ഞാന്‍ ആകാശ് മേനോന്‍. പോലീസില്‍ നിന്നാണ്‌." ആഗതന്‍ സ്വയം പരിചയപ്പെടുത്തി.
രാജു അയാളെ സൂക്ഷിച്ചു നോക്കി.
സുമുഖനാണ്‌...മുപ്പതില്‍ താഴെയേ പ്രായം വരൂ.യൂണിഫോം ഒന്നും ധരിച്ചിട്ടില്ല.സാധാരണ വേഷത്തിലാണ്‌.മുഖത്തെ പുഞ്ചിരി കണ്ടാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമായെന്ന് നമുക്കു തോന്നും. അത്ര ശാന്തം.
കൈയിലുണ്ടായിരുന്ന വയര്‍ലെസ് സെറ്റ് അദ്ദേഹം ഭിത്തിയില്‍ കൊളുത്തിയിട്ടു,
"രാജു, താങ്കള്‍ക്ക് രണ്ട് ഓപ്ഷന്‍സ് ഉണ്ട്." കണ്ണുകളില്‍ തന്നെ നോക്കിയുള്ള അയാളുടെ സംസാരം രാജു ശ്രദ്ധിച്ചു. "ഒന്ന്‌, നടന്നതെല്ലാം ഇപ്പോള്‍ എന്നോട് തുറന്നു പറയുക എന്നിട്ട് സമാധാനമായി ഹോസ്പിറ്റലിലേക്ക് പോകുക... രണ്ട്, ഇപ്പോള്‍ ഹോസ്പിറ്റലിലേക്ക് പോയിട്ട് പിന്നീട് സമാധാനമായി എന്നോട് കാര്യങ്ങള്‍ തുറന്നു പറയുക. ഇതിലേതു വേണമെന്ന് രാജുവിനു മാത്രമേ തീരുമാനിക്കാനാകൂ. കാരണം, നിങ്ങളുടെ ശരീരത്തില്‍ നിന്നും വളരെയേറെ രക്തം നഷ്ടപ്പെട്ടിരിക്കുന്നു...എനിക്ക് നിങ്ങളുടെ ജീവന്‌ സമാധാനം പറയാന്‍ വയ്യ. രാജുവിന്‌ മനസ്സിലാകുന്നുണ്ടോ?"
"സര്‍...ഞാനെല്ലാം, പറയാം...എനിക്ക് ഹോസ്പിറ്റലില്‍ പോകണ്ട..."രാജു പെട്ടെന്നു പറഞ്ഞു.
ആകാശ് പുഞ്ചിരിച്ചു. "രാജുവിന്റെ ഇഷ്ടം. പക്ഷേ മാക്സിമം രണ്ടു മണിക്കൂര്‍. അതിനുള്ളില്‍ രാജുവിന്‌ വിദഗ്ധ ചികില്‍സ കിട്ടിയില്ലെങ്കില്‍ ജീവന്‍ അപകടത്തിലാകും."
രാജു അത് ശ്രദ്ധിച്ചില്ല... അവന്‍ തലേന്നത്തെ കാര്യങ്ങള്‍ ഓര്‍മ്മിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു.
"ഇന്നലെ വൈകിട്ട് നാലു മണിക്ക് ഞാന്‍ ജോലി കഴിഞ്ഞ് ടൗണിലെത്തി...അപ്പോള്‍ തുടങ്ങിയതാണ്‌ എന്റെ കഷ്ടകാലം."
"എന്നും നാലുമണിക്കാണൊ രാജു ജോലി നിര്‍ത്തുന്നത് ?? "
"അല്ല സര്‍, ഇന്നലെ കോണ്‍ക്രീറ്റിങ്ങ് കഴിഞ്ഞപ്പോള്‍ എന്റെ പണി കഴിഞ്ഞു...ഞാന്‍ നേരത്തെ ഇറങ്ങിയതാണ്‌...ഞാനെല്ലാം പറയാം‍, ഇടക്കൊന്നും ചോദിക്കരുത് സര്‍, പ്ലീസ്..."
"രാജു, താന്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനമുള്ളതാണോ എന്നെനിക്കറിയണ്ടേ ?? താന്‍ പറയുന്നതെല്ലാം വിശ്വസിക്കാന്‍ എനിക്കു പറ്റുമൊ ?? " യാതൊരു ഭാവ വ്യത്യാസവുമില്ലായിരുന്നു അദ്ദേഹത്തിന്‌ ... രാജു തുടര്‍ന്നു.
"ടൗണില്‍ എത്തിയപ്പോളാണ്‍റിഞ്ഞത് ബസ്സുകാര്‍ മിന്നല്‍ പണിമുടക്കിയ വിവരം...
ഒരു മണിക്കൂര്‍ ഞാന്‍ അവിടെ നിന്നു. വീട്ടിലെത്താന്‍ ഒരു വഴിയുമുണ്ടായിരുന്നില്ല. ഓടുവില്‍ ഒരു പരിചയക്കാരന്റെ ജീപ്പു കിട്ടി, പക്ഷെ അയാള്‍ പകുതി വഴിവരെയേയുണ്ടായിരുന്നുള്ളു. എന്നെ ദാ ഡാമിന്റെ അടുത്തു വിട്ടു.അതിനു ശേഷം ഞാന്‍ കുറച്ചു സമയം കൂടി അവിടെ നിന്നു, ഒരു രക്ഷയുമില്ലെന്നറിഞപ്പോള്‍ നടക്കാന്‍ തീരുമാനിക്കുകയായിരുന്നു,..."
"രാജുവിന് കാട്ടിലൂടെയുള്ള വഴിയെല്ലാം നല്ല പരിചയമാണല്ലെ ?"
"ഒരു പരിചയവുമില്ല സര്‍, ഞാന്‍ സ്കൂളില്‍ പോയിരുന്ന കാലത്ത് ചിലപ്പോള്‍ അതിലേ പൊയിട്ടുണ്ടെന്നതല്ലാതെ, ഈ അടുത്ത കാലത്തെങ്ങും ഞാന്‍ കാട്ടില്‍ പോയിട്ടില്ല..."
ഈ സമയം പുറത്തുകൂടി ചിലര്‍ നടക്കുന്നത് രാജുവിന്റെ ശ്രദ്ധയില്പ്പെട്ടു....ചെറിയൊരാള്‍ക്കൂട്ടം തന്നെയുണ്ട്. അവര്‍ക്കിടയില്‍ തലേന്നു കണ്ട ഫോറസ്റ്റ് ഗാര്‍ഡുമാരെയും കണ്ടൂ.
"സര്‍, അച്ചായന്‍..." രാജു ആകാശിനെ നോക്കി...
"മിസ്റ്റെര്‍ തദെവൂസ് ഞങ്ങളെത്തിയപ്പോഴേക്കും മരിച്ചിരുന്നു രാജു....താങ്കള്‍ പറഞ്ഞു മുഴുവനാക്കു.."
പിന്നീട് സംഭവിച്ചതെല്ലാം രാജു കൃത്യമായി വിവരിച്ചു കൊടുത്തു.
അതെല്ലാം തന്നെ ആകാശ് കുറിച്ചെടുക്കുകയും ചെയ്തു.
ഒടുവില്‍ എല്ലാം കഴിഞ്ഞപ്പോള്‍ അയാള്‍ മുന്‍സീറ്റിലിരുന്ന ഡ്രൈവര്‍ക്ക് വണ്ടി ഹോസ്പിറ്റലിലേക്ക് വിടാന്‍ നിര്‍ദ്ദേശം കൊടുത്തു. പിന്നെ രാജുവിനു നേരേ തിരിഞ്ഞു പറഞ്ഞു,
"ഞാനിവിടെ ഇറങ്ങുകയാണ്. യാതൊരു കാരണവശാലും നമ്മള്‍ ഈ പറഞ്ഞ കാര്യങ്ങള്‍ മറ്റൊരാള്‍ അറിയരുത്.ഹോസ്പിറ്റലില്‍ നിങ്ങള്‍ക്ക് കാവലുണ്ടായിരിക്കും.താന്‍ പറഞ്ഞതെല്ലാം സത്യമാണെങ്കില്‍ തനിക്കൊരപകടവും വരാതെ ഞാന്‍ നോക്കിക്കൊള്ളാം. ഇനി നുണയാണെങ്കില്‍, താനെന്നെ കണ്ടുമുട്ടിയത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അപകടമായിരിക്കും."
ആകാശ് അവിടെ ഇറങ്ങി, ഒപ്പം രണ്ട് കോന്‍സ്റ്റബിള്‍മാര്‍ അകത്ത് കയറി. അതിലൊരാളെ രാജു ശ്രദ്ധിച്ചു. കര്‍ണ്ണാടക പൊലീസ് ആണ്‌.
"കൈസാ ഹെ ഭായി..." അയാള്‍ രാജുവിനെ നോക്കി ചിരിച്ചു. രാജു ഒന്നും മിണ്ടിയില്ല.
കൂടെയുള്ള മറ്റെയാള്‍ വണ്ടി വിട്ടോളാന്‍ നിര്‍ദ്ദേശം കൊടുത്തു.
രാജു പതിയെ കണ്ണുകള്‍ അടച്ചു.പെട്ടെന്ന് തന്നെ ഉറക്കത്തിലേക്ക് വഴുതി വീണു.
**** **** **** **** **** **** **** **** **** **** **** ****
കണ്ണു തുറന്നപ്പോള്‍ രാജു ഹോസ്പിറ്റല്‍ കിടക്കയിലായിരുന്നു.
അടുത്ത് തന്നെ ഇരിക്കുന്നുണ്ട് ഭാര്യ.
കരഞ്ഞു വീര്‍ത്ത മുഖം.മുഷിഞ്ഞ വേഷം.
രാജു കണ്ണു തുറന്നപ്പോഴേ അവള്‍ വിതുമ്പാനാരംഭിച്ചു...
രാജു ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന ക്ലോക്കിലേക്കു നോക്കി. സമയം നാലു കഴിഞ്ഞിരിക്കുന്നു.
ഇത്ര സമയം താന്‍ അബോധാവസ്ഥയിലായിരുന്നോ....
ഏതായാലും, മനസ്സ് ശാന്തമാണ്‌... ഇനിയെന്തൊക്കെ വന്നാലും നേരിടാന്‍ തനിക്ക് കഴിയുമെന്ന് അയാള്‍ക്ക് തോന്നി.
"അയാളുടെ അടുത്ത് ആരും നില്‍ക്കണ്ട... പോലീസ് ഓര്‍ഡറാണ്‌..." ഒരു നേഴ്സ് മുറിയിലേക്ക് കടന്നു വന്നു.
"സാരമില്ല, അതെന്റെ ഭാര്യയാണ്‌" രാജു പതിയെ പറഞ്ഞു.
"ആരായാലും ശരി... പുറത്തു പോണം..." ആ സ്ത്രീ യാതൊരു ദാക്ഷിണ്യവുമില്ലാതെ പറഞ്ഞു.
രാജു ഭാര്യയെ നോക്കി കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു.
കരഞ്ഞു കൊണ്ടാണ്‌ അവള്‍ വെളിയിലേക്ക് പോയത്. രാജുവിന്‌ സഹതാപം തോന്നി.
"എനിക്ക് ആകാശ് സറിനെ ഒന്നു കാണണമായിരുന്നു...."രാജു നേഴ്സിനെ നോക്കി പറഞ്ഞു.
മറുപടിയായി ഗൗരവത്തിലൊന്ന് നൊക്കിയിട്ട് അവര്‍ മുറിവിട്ടു പോയി.
താനെന്തോ വലിയ കുറ്റം ചെയ്ത മട്ടിലുള്ള അവരുടെ പെരുമാറ്റം രാജുവില്‍ നേരിയ അസ്വസ്ഥത ഉണ്ടാക്കാതിരുന്നില്ല.
അല്പ്പം കഴിഞ്ഞപ്പൊള്‍ ഡോക്ടര്‍ വന്നു.
"മദ്യപിച്ച് വണ്ടിയോടിച്ചതാണല്ലേ..." ഡോക്ടര്‍ ചിരിയോടെ ചോദിച്ചു. "എന്റെ അറിവില്‍ അതു വെറും പെറ്റി കേസാണ്‌. പിന്നെ തനിക്കെന്തിനാണ്‌ ഇത്ര വലിയ പോലീസ് കാവല്‍ ?? "
"അത്.... " രാജു ഒന്നു പരുങ്ങി. ആരോടും ഒന്നും പറയരുതെന്ന ആകാശിന്റെ നിര്‍ദ്ദേശം അയാള്‍ ഓര്‍ത്തു.
"സുഹൃത്തേ, ഇതൊരു പ്രൈവറ്റ് ഹോസ്പിറ്റലാണ്‌..എനിക്കറിയാം ഇതെന്തോ ഭയങ്കര കുഴഞ്ഞു മറിഞ്ഞ കേസാണ്‌,
ഞങ്ങള്‍ക്കു വയ്യ പുലിവാലു പിടിക്കാന്‍.എത്രയും പെട്ടെന്ന് ഇവിടെ നിന്നും ഒന്നു പോയിത്തന്നാല്‍ ഉപകാരമായിരിക്കും. ഒന്നും വിചാരിക്കരുത്. അതല്ലെങ്കില്‍ സത്യം പറയണം. ഈ മദ്യപിച്ച് വണ്ടിയോടിച്ച കഥയൊന്നും ഇവിടെ ചിലവാവില്ല."
"ഡോക്ടര്‍ , എന്നെ ഇവിടെ കൊണ്ടാക്കിയവരോടാണ്‌ നിങ്ങളിത് പറയേണ്ടത്...ഇവിടെ വരുന്ന സമയത്ത് എനിക്ക് ബോധമുണ്ടായിരുന്നോ ?? ഇല്ലല്ല്ലോ ??"
"പോലീസുകാരോട് ഞാന്‍ പറഞ്ഞു. അവര്‍ കേള്‍ക്കണ്ടേ ? "
പെട്ടെന്ന്, മറ്റൊരു ഡോക്ടര്‍ മുറിയിലേക്ക് കയറി വന്നു.
ഓപ്പറേഷന്‍ തീയറ്ററില്‍ നിന്നു വരുന്നതു പോലെ, അയാളുടെ മുഖത്ത് ഒരു ഗ്രീന്‍ മാസ്കൂണ്ടായിരുന്നു.
കയറിയ ഉടന്‍ തന്നെ അയാള്‍ വാതിലടച്ച് ലോക്ക് ചെയ്തു.
അടുത്ത നിമിഷം,
എന്തോ ഒരു ചെറിയ ശബ്ദം കേട്ടു. ഒരു ക്ലിപ്പ് വീഴുന്നതു പോലെ...
തന്നോട് സംസാരിച്ചു കൊണ്ടിരുന്ന ഡോക്ടര്‍ കുഴഞ്ഞു വീഴുന്നതു കണ്ട് രാജു ഞെട്ടി...
"ഹെയ്!!" രാജു ചാടിയെഴുന്നെല്‍ക്കാന്‍ ശ്രമിച്ചു, പക്ഷെ... അപ്പോഴേക്കും, ആഗതന്‍ തന്റെ കയ്യിലിരുന്ന പിസ്റ്റള്‍ അവന്റെ നേരെ ചൂണ്ടീക്കഴിഞ്ഞിരുന്നു.
സൈലന്‍സര്‍ ഘടിപ്പിച്ച ആ തോക്കില്‍ നിന്നും നൂലു പോലെ പുക പുറത്തു വരുന്നുണ്ടായിരുന്നു... വെടിമരുന്നിന്റെ രൂക്ഷ ഗന്ധം....
ആഗതന്‍ തന്റെ മാസ്ക് അഴിച്ച് താഴെയിട്ടു.
ആ മുഖം...രാജുവിന്‌ വിശ്വസിക്കാനായില്ല!
(to be continued...)