Tuesday, June 17, 2008

അദ്ധ്യായം 3

അടുത്ത നിമിഷം,
ഒരു കുലുക്കത്തോടെ ആ ജീപ്പ് മുന്‍പോട്ട് കുതിച്ചു. നിയന്ത്രണം വിട്ട നിലയില്‍ അത് പാഞ്ഞ് ചെന്ന് തോക്ക്ധാരിയെ ഇടിച്ചു തെറിപ്പിച്ചു.
എന്താണുണ്ടായതെന്ന് രാജുവിന്‌ മനസ്സിലാകും മുന്‍പെ ജീപ്പ് ഒരു മരത്തില്‍ ഇടിച്ച് നിന്നു . ഡ്റൈവിങ്ങ് സീറ്റില്‍ നിന്നും അച്ചായന്‍ തെറിച്ചു പുറത്തേക്കു വീഴുന്നതു കണ്ടു.
"അച്ചായാ..." രാജു, ഓടി ജീപ്പിനടുത്തെത്തി. അച്ചായന്‍ അനക്കമില്ലതെ കിടക്കുകയാണ്‌.
അയാള്‍, നിസ്സഹായനായി നിന്നു...
ഇടിയുടെ ആഘാതം കൂടിയായപ്പോള്‍, ജീവന്‍ പോയിക്കാണണം,...
രാജു കണ്ണുകള്‍ ഇറുക്കിയടച്ചു.ഇതൊരു ദു:സ്വപ്നമാണെന്നും, താന്‍ കണ്ണു തുറക്കുമ്പോള്‍ എല്ലാം പഴയതുപോലെയാകുമെന്നും വെറുതെ ആശിച്ചു.
പെട്ടെന്ന്, തന്റെ പുറകില്‍ കുറ്റിക്കാട്ടില്‍ എന്തോ അനങ്ങുന്നതു പോലെ അയാള്‍ കേട്ടു.
പിന്നെ അവന്‍ ഒന്നും ആലോചിച്ചില്ല, ജീപ്പിലേക്കു ചാടിക്കയറി റിവെഴ്സ് ഗിയറിലിട്ട് ഒരു കുതിപ്പായിരുന്നു.
തന്റെ ചിന്താ ശക്തിയെല്ലാം, നശിച്ചിരുന്നു... കണ്ണടച്ചിട്ടെന്നവണ്ണം അവന്‍ ജീപ്പു പായിച്ചു.
റോഡില്‍ക്കൂടിയൊന്നുമായിരുന്നില്ല ആ യാത്ര.മരണഭയത്താല്‍ പായുന്നവന്‌ എന്തു റോഡ് ?
മുന്‍പില്‍ കണ്ടതെല്ലാം ഇടിച്ചു തെറിപ്പിച്ച് ആ ജീപ്പ് ആ വനത്തിന്റെ ഭയാനകമായ ഉള്‍ ഭാഗത്തേക്ക് പ്രവേശിക്കുകയായിരുന്നു.
എത്ര മൈലുകള്‍ പിന്നിട്ടെന്നറിയില്ല, ഒടുവില്‍, രാജു വണ്ടി നിര്‍ത്തി.
സ്റ്റിയറിംഗില്‍ പിടിച്ച് ശൂന്യതയിലേക്കു നോക്കി അവന്‍ ഇരുന്നു.
അല്പ സമയം കഴിഞ്ഞപ്പോള്‍, അവന്‍ പതിയെ ചുറ്റും നോക്കി.താനിരിക്കുന്നത് അനേകം ചില്ല് കഷണങളുടെ മുക്കളിലായിരുന്നെന്ന് അവന്‍ തിരിച്ചരിഞ്ഞു. കാലിലൂടെ രക്തം വാര്‍ന്നൊഴുകുന്നതിന്റെ ചൂട്. അവന്‍ പതുക്കെ സീറ്റിലേക്കു ചാരി.
"മദ്യം....മദ്യമാണെന്നെ ചതിച്ചത്..." അവന്‍ പതുക്കെ മന്ത്രിച്ചു.
പെട്ടെന്ന് വണ്ടി ഒന്നു കുലുങ്ങി.
രാജു അനങ്ങിയില്ല.ഇനിലെല്ലാം വലുത് ഇനി എന്തുവരാന്‍ ?
ആരോ വണ്ടിയുടെ പുറത്തേക്കു ചാടിയിരിക്കുന്നു. ജീപ്പിന്റെ മുകള്‍ഭാഗം താഴേക്കു കുഴിഞ്ഞുവരുന്നുണ്ടായിരുന്നു,..
ആ ഇരിപ്പില്‍ തന്നെ രാജു തന്റെ ചുറ്റും പരതി.... എന്തെങ്കിലും ഒരായുധം...
ഒന്നും കിട്ടിയില്ല, അവന്‍ പതിയെ പുറത്തേക്കിറങ്ങാന്‍ തീരുമാനിച്ചു. വരുന്നതു വരട്ടെ.
അടുത്ത നിമിഷം തന്റെ കവിളില്‍ എന്തോ സ്പര്‍ശിച്ചത് അവന്‍ തിരിച്ചറിഞ്ഞു.
രാജു ഒന്നേ നോക്കിയുള്ളു.
ഒരു കൂറ്റന്‍ പെരുമ്പാമ്പ്!!
തന്റെ ഹ്ര്‌ദയം ഒരു നിമിഷം നിലച്ചതുപോലെ തോന്നി രാജുവിന്‌.
പാമ്പിന് പക്ഷേ ഇതിലൊന്നും ഒരു താല്പര്യവുമില്ലായിരുന്നു. ജീപ്പിന്റെ എന്‍ജ്ജിന്റെ ചൂടറിഞ്ഞു വന്നതാണ്‌. വളരെ ദൂരെനിന്നു തന്നെ ചൂടും തണുപ്പും തിരിച്ചറിയാന്‍ കഴിവഉള്ളവയാണ്‌ പാമ്പുകള്‍.
ഏതായാലും, പാമ്പ് ബോണറ്റിന്റെ സമീപത്തേക്ക് നീങ്ങിയപ്പോള്‍ രാജു ഗിയര്‍ മാറ്റി റെഡിയായി.
ഇനി ഇവിടെ നിന്നാല്‍ ശരിയാകില്ല.

ജീപ്പ് അനങ്ങിയപ്പോള്‍ തന്നെ പാമ്പ് താഴേക്കു ചാടി.
രാജു ചുറ്റും നോക്കി, എങ്ങോട്ടു പോകും ? ഇരുട്ടു മാത്രമാണ്‌ ചുറ്റിനും. വന്‍ മരങ്ങള്‍ മാത്രം കൂറ്റന്‍ നിഴലുകള്‍ പോലെ കാണപ്പെട്ടു. അവന്‍ പതുക്കെ, ജീപ്പ് മുന്‍പോട്ടു വിട്ടു. പഴയ ആ റോഡിലേക്ക് ഇനി ഒരിക്കലും എത്താന്‍ കഴിയില്ലെന്നു തോന്നി.
ആ യാത്രയില്‍ അവന്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത പലതും കണ്ടു.പലയിനം മൃഗങ്ങള്‍...പാമ്പുകള്‍ ഒടുവില്‍ എങ്ങനെയോ അവന്‍ റോഡിലെത്തി.പക്ഷെ ആ സ്ഥലം അവന്‌ ഒരു പരിചയവുുണ്ടായിരുന്നില്ല.
വഴിയാകെ തെറ്റി... എങ്കിലും ഈ റോഡ് എപ്പൊഴെങ്കിലും തന്നെ വനാതിര്‍ത്തിയിലെത്തിക്കും. രാജു പ്രതീക്ഷയോടെ വണ്ടി വിട്ടു.
പക്ഷെ ഏതാണ്ട് ഒരു പത്തിരുപതടി മുന്‍പോട്ടു പോയിക്കാണണം, റോഡില്‍ എന്തോ ഒരു വാഹനം കിടക്കുന്നത് പോലെ അവന്‍ കണ്ടു.
പെട്ടെന്ന് ശക്തിയേറിയ രണ്ട് ലൈറ്റുകള്‍ അയാളുടെ കണ്ണിലേക്കടിച്ചു.
രാജു ഒരു നിമിഷം പകച്ചെങ്കിലും വണ്ടി നിര്‍ത്തിയില്ല.
പാഞ്ഞുവരുന്ന ജീപ്പിനു മുന്‍പില്‍ നിന്നും ആരൊക്കെയോ ഓടിമാറുന്നതു കാണാമായിരുന്നു....
മുന്‍പില്‍ കിടന്നിരുന്ന ജീപ്പിനെ ഇടിച്ചു തെറിപ്പിച്ച് രാജു പാഞ്ഞു. അവരെ മറി കടന്ന നിമിഷം തന്നെ പിന്നില്‍ നിന്നും വെടിയൊച്ചകള്‍ മുഴങ്ങി.
ജീപ്പില്‍ എവിടെയൊക്കെയോ വെടിയുണ്ടകള്‍ തുളച്ചു കയറുന്നത് രാജു അറിഞ്ഞു.
പെട്ടെന്ന്‌ തൊട്ടുമുന്നില്‍ കൊടും വളവ്, രാജു സ്റ്റിയറിങ്ങ് വെട്ടിത്തിരിച്ചു...
ജീപ്പിന്റെ മുന്‍ഭാഗത്ത് എന്തോ പൊട്ടിത്തെറിക്കുന്നതു കേട്ടു.
ജീപ്പ് ഒരു വശത്തേക്കു ചെരിഞ്ഞു.അതിന്റെ മുന്‍ ചക്രത്തിലൊരെണ്ണം ഊരിത്തെറിച്ച് ഇരുട്ടില്‍ മറഞ്ഞു.
റോഡിന്റെ ഒരു വശം ഒരു കൂറ്റന്‍ പാറയാണ്‌, പത്തടി കൂടി മുന്‍പോട്ടു പോയാല്‍, അഗാധമായ കൊക്കയും. രാജു, ബ്രെയ്ക്കില്‍ കാലമര്‍ത്തി. വന്‍ ശബ്ദത്തോടെ ജീപ്പ് പാറയിലിടിച്ചു നിന്നു.
ഇടിയുടെ ആഘാതത്തില്‍ രാജുവിന്റെ മുഖം ശക്തമായി സ്റ്റീയറിംഗിലിടിച്ചു.
ബോധം മറയുകയാണ്...
എങ്കിലും,പുറകില്‍ നിന്നും ഒരു ചുവന്ന ബീക്കണ്‍ ലൈറ്റ് തന്നെ സമീപിക്കുന്നത് അയാള്‍ അവ്യക്തമായി കണ്ടു.

***** ***** ***** ***** ***** ***** ***** *****
ഒരു വലിയ തുരംഗം.....
ഇരുട്ടു മാത്രമേയുള്ളു ചുറ്റിനും....എങ്കിലും ദൂരെ ഒരു ചെറിയ പ്രകാശം കാണാം...
ആ പ്രകാശത്തില്‍ നിന്നും വളരെ ദൂരെയാണ്‌ രാജു നിന്നിരുന്നത്...താന്‍ പോലുമറിയാതെ അവന്‍ മുന്‍പോട്ടു നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. അവന്റെ കാലുകള്‍ തറയില്‍ തൊട്ടിരുന്നില്ല...ഒഴുകിയൊഴുകി അങ്ങനെ അവന്‍ ആ വെളിച്ചത്തിനെ ലക്ഷ്യമാക്കി നീങ്ങി...
അടുത്ത നിമിഷം
തന്നെ താഴെ നിന്നും എന്തോ പിടിച്ചു വലിക്കുന്നതായി അവന്‌ അനുഭവപ്പെട്ടു.... തന്റെ കാലില്‍ എന്തോ ചുറ്റിയിരിക്കുന്നു...പക്ഷെ കൂരിരുട്ടാണ്‌ .‍ ഒന്നും വ്യക്തമായി കാണാനില്ല...
രാജു, വെളിച്ചത്തിലേക്ക് നീങ്ങാന്‍ ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല...
പെട്ടെന്ന് താഴെനിന്നും എന്തോ അവന്റെ ശരീരത്തിലൂടെ ഇഴഞ്ഞിഴഞ്ഞ് മുകളിലേക്കു വന്നു....
"ദൈവമെ!!" രാജുവിന്റെ തൊണ്ടയില്‍ ഒരു നിലവിളി തടഞ്ഞു നിന്നു....
അത് ആ പെരുമ്പാമ്പായിരുന്നു.... അത് ഉയര്‍ന്ന് വന്ന് അവനെ അഭിമുഖമായി നിന്നു....
രാജു കണ്ണുകള്‍ ഇറുക്കിയടക്കാന്‍ ശ്രമിച്ചു.... പക്ഷേ കഴിഞ്ഞില്ല....
പാമ്പ് അവനെ നോക്കി പുഞ്ചിരിച്ചു...
"നമുക്കു പോകാം ?? let's Go!" അത് രാജുവിനോട് പറഞ്ഞു...
ആ സ്വരം....അത് താനെവിടെയോ കേട്ടിട്ടുണ്ടല്ലൊ...രാജു കരുതി...
അടുത്ത നിമിഷം, പാമ്പിന്റെ മുഖഭാവം മാറി...ഭയാനകമാം വിധം അത് തന്റെ വായ് പൊളിച്ചു...
കൂര്‍ത്ത് രണ്ട് പല്ലുകള്‍ ഇരുട്ടില്‍ തിളങ്ങി...
അടുത്ത നിമിഷം, ഭീകരമായ ഒരു സീല്‍ക്കാര ശബ്ദത്തോടെ അത് രാജുവിനു നേരെ അതിവേഗം, കുനിഞ്ഞു...
***** ***** ***** ***** ***** ***** ***** *****
"അമ്മേ!!!" രാജു അലറിക്കൊണ്ട് കണ്ണുകള്‍ തുറന്നു....

(to be continued...)